Wednesday, August 02, 2006

അരങ്ങേറ്റം

മലയാളം ബ്ലോഗ്കുകള്‍ വായിച്ച്‌ താല്‍പര്യം മൂത്ത്‌ എന്തെങ്കിലുമൊക്കെ കുത്തി കുറിക്കാനുള്ള ശ്രമം..

Tuesday, August 01, 2006

കഞ്ഞിയും പയറും

ഒട്ടുമിയ്ക്ക കഥകളും തുടങ്ങുന്ന പോലെ തന്നെ ആയിക്കൊട്ടെ എന്റെ കഥയുടെ തുടക്കവും എന്നു കരുതി ആരംഭിച്ചതാണ്‌.പക്ഷെ അങ്ങിനെ എഴുതാന്‍ എനിക്ക്‌ ഈ സംഭവം നടന്ന ദിവസവും സമയവും കൃത്യമായി ഓര്‍മ്മ പോരാ..

അതുകൊണ്ട്‌......അന്നു എന്തോ ഒരാഴ്‌ചയായിരുന്നു.രാവിലെ എണീട്ട്‌ പ്രാതല്‍ ഒക്കെ കഴിഞ്ഞപ്പോല്‍ ഇന്ന് കുഞ്ഞമ്മായീടെ വീട്ടില്ലേെയ്ക്കു പോയാലോ എന്ന് അമ്മയ്ക്ക്‌ ഒരാലോചന. കുഞ്ഞമ്മായീടെ മോള്‍ അവളുടെ അച്ചന്റെ വീട്ടില്ലേക്കു പോയിരിക്കുന്ന കാരണം പോകാന്‍ എനിക്ക്‌ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. പോയില്ലെങ്കില്‍ പഠിയ്ക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ അമ്മ വാചകം മുഴുമിയ്ക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ ഉടുപ്പിടാന്‍ ഓടി.

അങ്ങിനെ ഞാനും അമ്മയും കൂടി സംഭവബഹുലമായ ദിവസത്തിലേയ്ക്കു കാലൂന്നി.ഓട്ടോറിക്ഷയിലാണ്‌ യാത്ര. ഓട്ടോയ്ക്കു യതൊരു പഞ്ഞവുമില്ലാത്ത നാടായതിനാല്‍ ഒട്ടും വൈകാതെ തന്നെ ഒരെണ്ണത്തില്‍ കേറി ഇരുപ്പുറപ്പിയ്ക്കാന്‍ സാധിച്ചു.ശാന്തി ടെക്സ്റ്റെയില്‍സിലെയും,വര്‍ഷയിലെയും ബൊമ്മകളുടെ ഉടുപ്പൊക്കെ കണ്ടു വായും പൊളിച്ചാണ്‌ യാത്ര..

കവല കഴിഞ്ഞ്‌ ഇടത്തോട്ടു തിരിഞ്ഞാല്‍ മുരുകന്റെ ഭക്ഷണശാലയാണ്‌. അവിടെ കൂടി പോകുമ്പോല്‍ മൂക്കില്‍ കൂടി തുളച്ചു കേറി വായില്‍ കൂടി വെള്ളമായി ഒലിയ്ക്കുന്ന സുഗന്ധം വരും- പഴം പൊരീടെ.അവിടെ നിന്ന്‌ ഒന്നും കഴിക്കാനുള്ള ഭാഗ്യം എനിക്കിതുവരെ ലഭിച്ചിട്ടില്ല. കടയ്ക്ക്‌ വൃത്തി സാമാന്യം മോശമില്ലാത്ത തരത്തില്‍ കുറവാണെന്നാണ്‌ അമ്മയുടെ നിഗമനം. അതു കയ്യടിച്ചു താങ്ങാന്‍ അവിടത്തെ അടുക്കളയില്‍ ഒരു മൂശക കുഞ്ഞിനെ കണ്ടിട്ടുണ്ടെന്നു സോമന്‍ ചേട്ടന്‍ ഞാന്‍ ജനിക്കുനതിനു മുന്‍പ്‌ എപ്പൊഴോ അമ്മയോട്‌ പറഞ്ഞിട്ടുമുണ്ടത്രെ.സോമന്‍ ചേട്ടന്റെ കണ്ണട ആയതു കാരണം കണ്ടതു എലിയെ ആണോ കൊതുകാണോ എന്ന എന്റെ അന്വേഷണം ഇപ്പോഴും വഴി മുട്ടി നില്ക്കുകയാണ്‌.

ഇന്നത്തെ സ്പെഷല്‍ എന്താണാവോ? ഞാന്‍ ഊഹിക്കാന്‍ തുടങ്ങി..ഓട്ടോയില്‍ പോകുമ്പോളുള്ള മറ്റൊരു വിനോദം. ഇട്‌ലി സാമ്പാര്‍ അല്ലെങ്കില്‍ അപ്പവും മുട്ടകറിയും.എന്തു കുന്ത്രാണ്ഡമെങ്കിലും ആകട്ടെ. കഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ആലോചിച്ച്‌ എന്റെ സമയം കളയുന്നതെന്തിനാ വെറുതെ..അതാ കട എത്തി പോയി. ട്രാഫിക്‌ ബ്ലോക്ക്‌ ആണ്‌.അപ്പൊ പിന്നെ വിശദമായി മൂക്കിലോട്ടു വലിച്ചു കയറ്റാലോ.. ഞാന്‍ അശ്വസിച്ചു.

തല പുറത്തേക്കു നീട്ടി വായിച്ചു..ഇന്നത്തെ സ്പെഷല്‍.അടിയില്‍ എഴുതിയിരിക്കുന്ന അക്ഷരങ്ങള്‍ ചെറുതായിരിക്കുന്നല്ലൊ.അതോ ശ്രീദേവി ഡോക്ടര്‍ടെ അടുത്തു പോയി കണ്ണട വെയ്കാന്‍ സമയം ആയോ?.ഹൊ അങ്ങിനെ ആയിരുന്നെങ്കില്‍..കണ്ണട വെയ്കാനുള്ള മോഹം പറഞ്ഞാല്‍ വീട്ടുകാര്‍ക്കു മനസ്സിലാകാത്തതും,അവര്‍ പറയുന്നതു കേള്‍ക്കാന്‍ എനിക്കൊട്ടു താല്‍പര്യവുമ്മില്ലാത്ത കാലം.

സ്വതവെ ഉരുണ്ട കണ്ണുകള്‍ ഒന്നു കൂടി തുറിപ്പിച്ച്‌ ഞാന്‍ ബാക്കി കൂടി വായിച്ചു. "കഞ്ഞി.." വീണ്ടും താഴെ എന്തോ എഴുതിയിട്ടുണ്ട്‌. വേഗം വായിച്ചേയ്കാം. വണ്ടി ഇപ്പൊ വിടും. "കടറിപയര്‍". അതുശരി.. കഞ്ഞിയും പയറും. ഏനിക്കു വലിയ താല്‍പര്യം തോന്നിയില്ല.എന്നാലും ഒരു സംശയം..

"അമ്മേ,കടറിപയര്‍ നമ്മുടെ പച്ച നിറത്തിലുള്ള സാധനമല്ലേ" ?

പുറത്തേയ്കു നോക്കിയിരുന്നിരുന്ന അമ്മ വണ്ടികളുടെ ശബ്ദം കാരണം കേട്ടില്ല എന്നു തോന്നുന്നു. ഞാന്‍ എന്റെ പാറപ്പുറത്തു ചിരട്ടയിട്ടു ഉരയ്ക്കുന്ന പോലത്തെ ശബ്ദമൊന്നു കൂടി ഉച്ചത്തിലുയര്‍ത്തി ചോദ്യം ആവര്‍ത്തിച്ചു.

"കടറിപയര്‍ നമ്മുടെ പച്ച നിറത്തിലുള്ള സാധനമല്ലേ?"

അമ്മ വായ തുറക്കുന്നതിലും മുന്‍പെ ചെവി അടയ്ക്കുന്ന രീതിയില്‍ ഒരു അട്ടഹാസം. ഞാന്‍ ഞെട്ടി പൊയി.ഇതാരപ്പോ ഇങ്ങിനെ ചിരിയ്ക്കുന്നെ?.. മുന്‍പില്‍ നിന്നാണ്‌.. നമ്മുടെ ഓട്ടോചേട്ടന്‍. ഇയാള്‍ക്കെന്തു പറ്റി? ഞാന്‍കഷ്ടപ്പെട്ട്‌ ബുദ്ധിമുട്ടി പാടുപെട്ട്‌ കണ്ണാടിയില്‍ കൂടി ചേട്ടായിടെ മുഖം നോക്കാന്‍ ശ്രമിച്ചു.. അപ്പൊ അതാ എന്റെ സീറ്റ്‌ കിടന്നിളകുന്നു.. സൈഡിലിരുന്നു അമ്മ ചിരിച്ചു മറിയുന്നു. ഇതെന്തു കഥ..ഞാന്‍ വായന ഒക്കെ കഴിഞ്ഞു വന്നപ്പോഴേയ്കും പുറത്തു എന്താണ്‌ നടന്നത്‌? ഞാന്‍ മാത്രം കണ്ടില്ലല്ലൊ? എന്നാലും ഇങ്ങിനെ കുന്തം മറിഞ്ഞു ചിരിക്കാന്‍ മാത്രം സംഭവം ഉണ്ടായോ ഇതിന്റെ ഇടയില്‍?

"എന്താ അമ്മേ? എന്തുണ്ടായി റോഡില്‍?"

എനിക്കു അവരുടെ ചിരി കണ്ടിട്ടു തന്നെ ചിരി വരാന്‍ തുടങ്ങി. നാളെ സ്കൂളില്‍ പൊയി പറയാനുള്ള തമാശ എന്തോ ഒത്തിട്ടുണ്ട്‌. അമ്മയ്ക്കു ചിരിച്ചു ചിരിച്ചു ചുമ വരുന്നു.എനിക്കാണേല്‍ ക്ഷമ കെട്ടു തുടെങ്ങി..

"എന്നോടും കൂടി പറ അമ്മേ.."
"എടീ പൊട്ടിക്കാളീ, അതു ഒരു തരം പയറുമല്ല..ആ കട റിപ്പയറിലാണ്‌ എന്നാണു എഴുതിയിരിക്കുന്നത്‌"
"പക്ഷെ കഞ്ഞിയും.."

ബാക്കി പുറത്തേയ്ക്കു വന്ന സ്വരങ്ങല്‍ വെറും ഗ്ലിം ഗ്ലം എന്നിവ മാത്രമായിരുന്നു .


പിറ്റ്ടേന്നു രവിലെ സമയം ഏകദേശം 9.20മണി.


കാപ്പി കുടി കഴിഞ്ഞു പഠിയ്ക്കാന്‍ ഇരുന്നേയ്ക്കാം എന്നു ആലോചിചു തുടങ്ങിയപ്പോഴാണ്‌ ഫോണ്‍ അടിച്ചത്‌. കുഞ്ഞേട്ടനാണ്‌.. അങ്ങെ തലയ്ക്കല്‍നിന്നു

" ആ നീയാണോ? ഇതു ഞാനാടി"
" എന്തുണ്ടു കുഞ്ഞേട്ടാ വിശേഷം?"
" സുഖാടി,,നീ എന്തെടുക്കുവാ അവിടെ?"
" breakfast കഴിഞ്ഞു പഠിക്കാന്‍ പോകുവായിരുന്നു."
" അതെയൊ,എന്ത കഴിച്ചേ ഇന്ന്‌? പുട്ടും കടറിപ്പയറും ആണോ?"

*************************************************

ശാന്തേടത്തീടെ വയറ്റിലുള്ള കുഞ്ഞുവാവ മാത്രമേ എന്റെ അറിവില്‍ ആ സംഭവമറിയാന്‍ അന്ന്‌ ബാക്കിയുണ്ടായിരുന്നുള്ളൂ.

എന്റെ വിഡ്ഡിത്തങ്ങളുടെ പട്ടികയിലേയ്ക്കു ഒരു മുതല്‍ക്കൂട്ടായി അങ്ങിനെ "കടറിപയര്‍" കടന്നു കൂടി..